Downloads

Digital Fest 2021-22

സാങ്കേതികവിദ്യയുടെ കേവലോപയോഗത്തിൽ നിന്ന് അതിന്‍റെ സ്രഷ്‌ടാക്കളാക്കി വിദ്യാർത്ഥികളെ മാറ്റുന്ന പാഠ്യപദ്ധതി സ്കൂള്‍ തലത്തില്‍ത്തന്നെ നടപ്പാക്കുന്നത് രാജ്യപുരോഗതിക്ക് ആക്കംകൂട്ടുമെന്ന് എറണാകുളം എഡ്സ്റ്റണ്‍ ടെക്നോളജീസ് കോ ഫൌണ്ടറും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ ജെറിഷ് ഐസക് വർഗ്ഗീസ്. ദയാപുരം റസിഡൻഷ്യൽ സ്കൂള്‍ ഡിജിറ്റൽ ഫെസ്റ്റ് നാലാമത് എഡിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റം മാത്രം സ്ഥായിയായ കാലത്തിലാണ് നാം ജീവിക്കുന്നതെന്നതിനാല്‍ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ് വെല്ലുവിളികള്‍ നേരിടാനുള്ള ഏക മാർഗ്ഗം. ചുറ്റുമുള്ളതൊന്നാകെ പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം നമ്മുടെ അഭിരുചിയും താല്പര്യവും മനസ്സിലാക്കി ആ മേഖലയില്‍ ആഴത്തിലുള്ള അറിവു നേടുകയാണ് അഭികാമ്യം. ആനിമേഷനുകളും ഗെയിം പ്രോഗ്രാമിംഗും ആവേശമാണെങ്കില്‍ അതാണു പഠിക്കേണ്ടത്. പഠനവും പ്രൊജക്ടുകളും ഡിജിറ്റൽ ഫെസ്റ്റ് പോലുള്ള പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്നതും ഫീഡ്‌ബാക്ക് ലഭിക്കുന്നതും സ്വയം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ലോകം മുഴുവൻ കൊറോണ പ്രതിസന്ധിയിൽ നടുങ്ങി നിൽക്കുമ്പോഴും ഡിജിറ്റൽ ലോകം പ്രത്യാശ ഉണർത്തുന്നെന്നും കാര്യങ്ങൾ ഓൺലൈനായി നടത്താമെന്ന പ്രതീക്ഷ മനുഷ്യന് ആശ്വാസമാണെന്നും ആശംസാസന്ദേശത്തില്‍ അല്‍-ഇസ്ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയർമാന്‍ ഡോ.എം.എം.ബഷീർ പറഞ്ഞു. സൂം പ്ലാറ്റ്ഫോമില്‍ നടന്ന ഫെസ്റ്റില്‍ ദയാപുരം സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി ആമുഖപ്രഭാഷണം നടത്തി. സ്കൂള്‍ വളണ്ടിയർ ഇന്‍ ചാർജും യുഎഇ ഹാബിറ്റാറ്റ് സ്കൂൾസ് അക്കാദമിക് സി.ഇ.ഒ.യുമായ സി.ടി ആദിൽ, പൂർവ്വ വിദ്യാർത്ഥികളായ അഹമ്മദാബാദ് സി.ഇ.പി.ടി യൂണിവേഴ്സിറ്റി ഐ.ടി സർവീസസ് മേധാവി എം.മഹറൂഫ്, ബോയിംഗ് ഡിഫൻസ് ഓസ്ട്രേലിയ ഇലക്ട്രിക്കൽ ഡിസൈൻ ആൻഡ് അനാലിസിസ് എൻജിനീയർ ഡോ. നുസ്റ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. കോഡിംഗ് ക്ലബ് ടീച്ചർ ഇൻ ചാർജ് പി.അഞ്ജന സ്വാഗതവും സെക്രട്ടറി ജംഷിയ സുൽഫിക്കർ നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തില്‍ ബഹറൈനിലെ ദ ഡെയ് ലി ട്രിബ്യൂണിന്‍റെ സി.ഇ.ഒ ആന്‍റ് ഡയറക്ടറും ലോറല്‍സ് സെന്‍റർ ഫോർ ഗ്ലോബല്‍ എഡ്യുക്കേഷന്‍ സി.ഇ.ഒ. ആന്‍റ് കോ-ഫൌണ്ടറുമായ അബ്ദുള്‍ ജലീല്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പവർ പോയിന്‍റ് പ്രസന്‍റേഷന്‍, വെബ് സൈറ്റ് ആന്‍റ് മൊബൈല്‍ ആപ്പ്, ആനിമേഷന്‍ എന്നീ ഇനങ്ങളില്‍ വിവിധ കാറ്റഗറികളിലായി നടത്തിയ മത്സരങ്ങളിലെ വിജയികളെ അദ്ദേഹം അനുമോദിച്ചു. കോഡിംഗ് ക്ലബ് അംഗം നന്ദന സുരേഷ് നന്ദി പറഞ്ഞു. ഒന്നാംക്ലാസ്സ് മുതല്‍ കംപ്യൂട്ടർ കോഡിംഗ് സിലബസില്‍ ഉള്‍പെടുത്തിയ ഇന്ത്യയിലെ ആദ്യസ്കൂളാണു ദയാപുരം. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സൈബർ സ്ക്വയർ ആണ് പദ്ധതിയുടെ പ്രയോക്താക്കള്‍. ഈ പദ്ധതിയിലുള്‍പ്പെട്ട വിദ്യാർത്ഥികള്‍ വികസിപ്പിച്ച വർക്കിംഗ് മോഡല്‍ റോബോട്ടിക്സ്, ഐ.ഒ.ടി, വെബ്സൈറ്റുകള്‍, അനിമേഷനുകള്‍, ഗെയിം, മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവയാണ് ഫെസ്റ്റില്‍ അവതരിപ്പിച്ചത്.

News letter

Get the latest Dayapuram news delivered to your inbox.