Downloads

'കാർട്ടൂണും കേരളവും' ത്രിദിനപരിപാടി സമാപിച്ചു

'കാർട്ടൂണും കേരളവും' ത്രിദിനപരിപാടി സമാപിച്ചു ദയാപുരം: കാർട്ടൂണും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചു ദയാപുരത്തു നടന്നു വരുന്ന ത്രിദിനപരിപാടി സമാപിച്ചു. ഇന്ത്യൻ കാർട്ടൂൺ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്കു എത്തുമ്പോൾ അതിന്റെ മുൻപന്തിയിൽ മലയാളികളാണ് ഉണ്ടായിരുന്നതെന്ന് പ്രമുഖ കാർട്ടൂണിസ്റ്റും കാർട്ടൂൺ ചരിത്രകാരനും ഡൽഹിയിലെ ഗൾഫ് ഇന്ത്യൻസിന്റെ റസിഡന്റ് എഡിറ്ററുമായ സുധീർ നാഥ്‌ പറഞ്ഞു. ആദ്യകാലങ്ങളിൽ പേജ് നിറക്കാൻ ഉപയോഗിച്ചിരുന്ന ബോക്സ് കാർട്ടൂണുകൾ പിന്നെപ്പിന്നെ രാഷ്ട്രീയ തർക്കങ്ങളിലൂടെയാണ് കേരളത്തിൽ വളർന്നത്. ഇന്ന് കാർട്ടൂണുകൾ രാഷ്ട്രീയമേഖല കയ്യൊഴിക്കേണ്ട അവസ്ഥയാണെങ്കിലും അനിമേഷൻ രംഗത്ത് കാർട്ടൂണിസ്റ്റുകളുടെ സാധ്യത വളരെ അധികമാണ്- തന്റെ സമാപനഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ചുറ്റുപാടുമുള്ള അനീതികളെയും അക്രമങ്ങളെയും പരിഹാസരൂപേണ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്ത് സമൂഹത്തില്‍ ശുദ്ധീകരണം നടത്തുന്നവരാണു കാർട്ടൂണിസ്റ്റുകളെന്നു ഡോ. എം.എം.ബഷീർ. ആ ശുദ്ധീകരണത്തിലൂടെ മനുഷ്യനന്മയാണ് അവർ ലക്ഷ്യമാക്കുന്നത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന കാർട്ടൂണ്‍ ശില്പശാലയിലെ ബി.എം. ഗഫൂർ അനുസ്മരണസമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി എം ഗഫൂറിന്റെ തിരഞ്ഞെടുത്ത കാർട്ടൂണുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു. അടിസ്ഥാനപരമായി അലിവുള്ള മനുഷ്യരായാല്‍ മാത്രമേ കാർട്ടൂണിസ്റ്റുകള്‍ക്ക് സമൂഹത്തിന്‍റെ തിരുത്തല്‍ ശക്തിയായി മാറാന്‍ കഴിയൂ എന്നതായിരുന്നു ബി.എം. ഗഫൂറിന്‍റെ തത്വമെന്ന് മാതൃഭൂമി സീനിയർ ആർട്ടിസ്റ്റ് രജീന്ദ്രകുമാർ അനുസ്മരിച്ചു. ബി.എം സുഹറ, ചിത്രകാരൻമാരായ ബാലകൃഷ്ണൻ ഉള്ളിയേരി, സിഗ്നി ദേവരാജ്, തോലിൽ സുരേഷ് എന്നിവരും സംസാരിച്ചു. തുടർന്ന് സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്കായി നടത്തിയ കാർട്ടൂണ്‍ രചനാമത്സരത്തില്‍ വിജയികളായവർക്ക് പുരസ്കാരങ്ങള്‍ നല്കി.

News letter

Get the latest Dayapuram news delivered to your inbox.