Downloads

66-ാം കേരളപ്പിറവിദിനം

66-ാം കേരളപ്പിറവിദിനം ഓട്ടന്‍തുള്ളല്‍ അരങ്ങിലേറ്റിയാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ആഘോഷിച്ചത്. കേരളീയ കലാരൂപത്തിന്‍റെ കേവലാസ്വാദനത്തിനപ്പുറം ഓട്ടന്‍തുള്ളലിന്‍റെ സാമൂഹിക-സാംസ്കാരിക-ചരിത്ര പ്രസക്തി കുട്ടികള്‍ക്കു മനസ്സിലാക്കിക്കൊടുക്കലായിരുന്നു പ്രധാനം. കലാസ്വാദനം, വിശേഷിച്ചും ക്ഷേത്രകലകള്‍ താഴ്ന്ന ജാതിക്കാർക്ക് നിഷിദ്ധമായിരുന്ന കാലത്ത്, അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കുമെതിരെയുള്ള പ്രതിഷേധമായായിരുന്നു കലക്കത്ത് കുഞ്ചന്‍ നമ്പ്യാർ ഓട്ടൻ‌തുള്ളൽ ആവിഷ്കരിച്ചത്. നിറപ്പകിട്ടാർന്ന ആടയും അലങ്കാരവുമണിഞ്ഞ് നാടോടിനൃത്തരൂപത്തിലുള്ള ചടുലചലനങ്ങളോടെ വേദി നിറഞ്ഞു പാടിയവതരിപ്പിക്കുകയാണ് ഓട്ടന്‍തുള്ളലിന്‍റെ രീതി. പാട്ടിലെ പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും തക്കംകിട്ടുമ്പോഴെല്ലാം ജാത്യാനാചാരങ്ങളും അനീതികളും ഉദാഹരിച്ച് ആക്ഷേപഹാസ്യരൂപേണയുള്ള വിമർശനവും വിശകലനവും കൂടിയായപ്പോള്‍ വളരെപ്പെട്ടെന്നുതന്നെ ഈ കലാരൂപം ജനകീയമായി. തലയില്‍ കിരീടവും കഴുത്തില്‍ മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടവും പരത്തിക്കാമണിയും അരയിൽ ‘അമ്പലപ്പുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകളുമൊക്കെയുള്ള ഓട്ടൻ തുള്ളല്‍ വേഷക്രമത്തിന് കഥകളിവേഷവുമായി സാമ്യമുള്ളതിനാല്‍ സാധാരണക്കാരന്‍റെ കഥകളിയായും തുള്ളൽ അറിയപ്പെട്ടു. നമ്പ്യാരുടെ നാടായ പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്തുകാരനായിരുന്നു വേദിയുണർത്തിയ തുള്ളല്‍ കലാകാരന്‍ ശ്രീ. പ്രദീപ്. തുള്ളല്‍ പഠിച്ചതു കുഞ്ചന്‍ സ്മാരകത്തില്‍നിന്ന്. കഥ കല്യാണസൌഗന്ധികത്തില്‍ ഹനുമാന്‍ ഭീമസേനന്‍റെ വഴിമുടക്കുന്ന ഭാഗം. കഥാരംഗം മുന്നേ വിശദീകരിച്ചതിനാല്‍ കുട്ടികള്‍ അറിഞ്ഞാസ്വദിച്ചു ചിരിച്ചുമറിഞ്ഞു. കലാകാരന്‍റെ ചടുലതാളവും മുഖഭാവങ്ങളും വാനരഗോഷ്ടികളും നീട്ടിയും കുറുക്കിയുമുള്ള പാട്ടുരീതിയും പലർക്കും പുതിയ അനുഭവമായിരുന്നു. ഇടയ്ക്ക, കുഴിത്താളം, മദ്ദളം എന്നീ വാദ്യമേളങ്ങളുടെ അകമ്പടി പാട്ടിനു കൊഴുപ്പേകി. സ്കൂള്‍ മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ കേരളപ്പിറവിദിനാഘോഷം സ്കൂള്‍ വളണ്ടിയർ- ഇന്‍- ചാർജ് സി.ടി ആദില്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുജയ എന്‍.പി സ്വാഗതവും ജിഷ എം.കെ. നന്ദിയും പറഞ്ഞു. കെ.എസ് രാജീവ് കുമാർ കലാകാരന്മാരെ പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ പി. ജ്യോതി, കംപാർട്മെന്റ് ഹെഡ് ഗിരിജ പി. വി തുടങ്ങിയവർ പങ്കെടുത്തു.

News letter

Get the latest Dayapuram news delivered to your inbox.